Kerala
കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കമ്പം എംഎല്‍എ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാട് മോന്‍സ് ജോസഫ് ആവര്‍ത്തിച്ചു. തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരുമായി അഭിപ്രായമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
District News
കടുത്തുരുത്തി: സംസ്ഥാനത്തിന് ഗുണപ്രദമായ വിധത്തില്‍ പുതിയ ജലനയം യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്.
കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലകള് സംഘടിപ്പി ക്കും. ഇതിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടാവും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ജലനയം നടപ്പിലാക്കുക.
എല്ലാ നിയോജക മണ്ഡലങ്ങളിലും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് ദീപികയ്ക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
ജലസ്രോതസുകളുടെ സംരക്ഷണം
ജലസ്രോതസുകള്‍ സംരക്ഷിക്കും. തോടുകളും കനാലുകളും മലിനമായ ദുരവസ്ഥയ്ക്കു സാധ്യമായ പരിഹാരനടപടികള്‍ കണ്ടെത്തും. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. മുമ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഫലപ്രദമല്ലെന്ന പരാതികള്‍ പരിശോധിക്കും. സംസ്ഥാന വ്യാപകമായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. ഇത്തരം പരാതികളും നിലവിലുള്ള അപാകതകളും പരിഹരിക്കും. സംസ്ഥാനമൊട്ടാകെ കുടിവെള്ള വിതരണ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കും. ജനങ്ങൾക്ക് ഉപകരിക്കുന്ന വകുപ്പാക്കി വാട്ടര്‍ അഥോറിറ്റിയെ മാറ്റിയെടുക്കുകയെന്ന സുപ്രധാനമായ ലക്ഷ്യം ഏറ്റെടുക്കുകയാണ്.
കുടിവെള്ള വിതരണത്തിലെ
പ്രതിസന്ധി
കുടിവെള്ള വിതരണത്തിൽ പ്രതിസന്ധി നിലനില്‍ക്കുന്ന ജില്ലകളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു കാര്യങ്ങള്‍ മനസിലാക്കിയശേഷം സാധ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കും.
പൈപ്പ് ഇടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ച ശേഷം പൂര്‍വസ്ഥിതിയിലാക്കാൻ കഴിയാത്ത സംസ്ഥാനമൊട്ടാകെയുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കും. മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്തു കോമണ്‍ മിനിമം പദ്ധതി നടപ്പിലാക്കും. കൃത്യതതോടെയുള്ള ജലവിതരണത്തോടൊപ്പം തൃപ്തികരമായ റോഡ് ഗതാഗതവും നിലനിര്‍ത്താന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കും.
കനാലുകളുടെ ദുരവസ്ഥ
എംവിഐപി കനാലുകളുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കും. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കും.
കനാലുകളിലെ കാടും അഴുക്കും നീക്കം ചെയ്യും. കാനാലുകള്‍ ശുദ്ധീകരിക്കാനും ഇവയുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ കനാല്‍ വികസനവും നവീകരണവും ജനകീയ പദ്ധതിയായി കനാല്‍ നവീകരണ പദ്ധതിക്ക് രൂപം നല്‍കും. കനാലിലൂടെയുള്ള ജലവിതരണം തൃപ്തികരമായി നടപ്പിലാക്കും. കനാലുകളോടനുബന്ധിച്ചുള്ള ഇറിഗേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പഠിക്കും.
മീനച്ചില്‍ റിവര്‍ വാല്യൂ
പദ്ധതി
മീനച്ചില്‍ റിവര്‍ വാല്യൂ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. പദ്ധതിയിലൂടെ പ്രഖ്യാപിച്ചതുപോലെ ആവശ്യമായ വെള്ളം കണ്ടെത്താനോ, വിതരണം നടത്താനോ പദ്ധതിയിലൂടെ കഴിയുമോയെന്ന കാര്യം ഉറപ്പില്ല.
നല്ല നിലയിലുള്ള എംവിഐപി പദ്ധതിക്ക് പ്രതിസന്ധിയുണ്ടാകുന്ന വിധത്തിലാണ് മീനച്ചില്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന പരാതിയുയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂ. വിവിധ ജലവിതരണ പദ്ധിതകളെ കുറിച്ചു ഡിപ്പാര്‍ട്ടുമെന്റ് പഠനം നടത്തും.
മുല്ലപ്പെരിയാറിലെ നിലപാട്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ സര്‍ക്കാരും സ്വീകരിക്കുക. കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന മുന്‍നിലപാട് തുടരും.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാവില്ല.
പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ തമിഴ്നാടും കേരളവുമായി അഭിപ്രായസമന്വയമുണ്ടാക്കി പുതിയ ഡാം നിര്‍മാണം സാധ്യമാകുമോയെന്ന കാര്യത്തില്‍ ശ്രമം നടത്തും. ഇതിനായി രണ്ട് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാഹചര്യം വകുപ്പിന്റെ നേതൃത്വത്തിലുണ്ടാക്കും.
ഇതോടൊപ്പം സുപ്രീം കോടതിയില്‍ കേരളം സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും വകുപ്പുതലത്തില്‍ പ്രത്യേകമായ പരിശോധനകള്‍ നടത്തും.
കാര്‍ഷികമേഖലയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ ഇറിഗേഷന്‍ വകുപ്പിനെ ഫലപ്രദമായി മാറ്റിയെടുക്കും. കാര്‍ഷിക മേഖലയുടെ പുരോഗതിക്കു വേണ്ടി നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്കാന് വിദഗദ്ധ സംഘത്തെ നിയോഗിക്കും.
Kerala
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പലവട്ടം നിറഞ്ഞ ചർച്ചകളിൽ കേരള കോണ്‍ഗ്രസ് ലീഡർ പി.ജെ. ജോസഫും നേതാക്കളും പങ്കെടുത്തിരുന്നു. ഏഴ് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചു നിന്നു. ഒരു മന്ത്രിയും ചീഫ് വിപ്പും തരാമെന്നു കോണ്‍ഗ്രസും അറിയിച്ചു.
ഇന്ന് രാവിലെയും ഇതുസംബന്ധിച്ച ചർച്ചകളിൽ പുരോഗതിയായില്ല. ആദ്യം കൃഷി വകുപ്പായിരുന്നു കേരള കോണ്‍ഗ്രസിന് നിയുക്ത മുഖ്യമന്ത്രിയുടെ ഓഫർ. ഉച്ചകഴിഞ്ഞു നടന്ന ചർച്ചയിലാണ് രണ്ടു വകുപ്പുകളെന്ന നിർദേശമുയർന്നത്.
മോൻസ് ജോസഫിന് ജലവിഭവ വകുപ്പും ഒപ്പം രജിസ്ട്രേഷൻ വകുപ്പുമെന്ന നിർദേശമുയർന്നു. കൂടാതെ ഗവണ്മെന്റ് ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം വഴങ്ങിയത്. തൊടുപുഴയിൽ നിന്നു ജയിച്ച അപു ജോണ്‍ ജോസഫിനെ ചീഫ് വിപ്പ് സ്ഥാനത്തേയ്ക്കു പരിഗണിച്ചു.
Kerala
തൊടുപുഴ/കോട്ടയം: മോന്‍സ് ജോസഫ് എംഎല്‍എയെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.
തിങ്കളാഴ്ച രാത്രി ചെയര്മാന് പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാനായതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലാണ് നിര്‍ണായക യോഗം നടന്നത്.
ഡെപ്യൂട്ടി ലീഡറായി തോമസ് ഉണ്ണിയാടനെയും വിപ്പ് സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെയും തെരഞ്ഞെടുത്തു. ഷിബു തെക്കുംപുറം സെക്രട്ടറിയും റെജി ചെറിയാൻ ട്രഷററുമാണ്. നിയുക്ത എംഎല്‍എമാരായ വര്‍ഗീസ് മാമന്, വിനു ജോബ് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.
നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫ് എംഎല്‍എ 1996 മുതല്‍ കടുത്തുരുത്തി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ്.
മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിമാരുണ്ടായിരുന്നെന്നും അതേ സ്ഥാനം ഇത്തവണയും വേണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ചെയര്മാന് പി.ജെ. ജോസഫിനെ നിയമസഭാ കക്ഷി യോഗം ചുമതലപ്പെടുത്തി.
പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുകഴിഞ്ഞു മാത്രമേ മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂവെന്നും പി.ജെ. ജോസഫ് പറഞ്ഞു.
District News
കടുത്തുരുത്തി: 2026 തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴേ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവും നിലവിലെ എംഎല്‍എയുമായ മോന്‍സ് ജോസഫിനെ രംഗത്തിറക്കിയ യുഡിഎഫ് തീരുമാനം അടിവരയിട്ടതായി മോന്സിന്റെ ആറാം ജയം. 31,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എം വനിതാ നേതാവ് നിര്‍മല ജിമ്മിയെയാണ് മോൻസ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ ഏഴാം മത്സരമായിരുന്നു ഇത്.
ഒരു തവണ പരാജയപ്പെട്ടു. 2021ല്‍ 4256 വോട്ടിന്റെ നേരിയ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്.രണ്ടു തവണ എല്‍ഡിഎഫിലും ഇത്തവണത്തേതുള്‍പ്പെടെ നാലു തവണ യുഡിഎഫിലും എംഎല്‍എയായി വിജയിച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ 1996ല്‍ കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിൽ മത്സരിച്ച മോന്‍സ് ജോസഫ് എല്‍ഡിഎഫ് മുന്നണിയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
2001ല്‍ മോന്‍സ് ജോസഫ്, യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ്-എം നേതാവ് സ്റ്റീഫന്‍ ജോര്‍ജിനോട് പരാജയപ്പെട്ടു.2006ല്‍ വിജയിച്ച മോന്‍സ് ജോസഫ്, ഇടക്കാലത്തുണ്ടായ വിവാദത്തെത്തുടര്‍ന്ന് മന്ത്രി ടി.യു. കുരുവിള രാജിവച്ച ഒഴിവില്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ ഒന്നരവര്‍ഷക്കാലം പൊതുമരാമത്ത് മന്ത്രിയുമായി.
ജോസഫ്-മാണി വിഭാഗങ്ങളുടെ ലയനത്തെത്തുടർന്ന് 2011, 2016 വര്‍ഷങ്ങളില്‍ യുഡിഎഫ് മുന്നണിയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു.
2021ല്‍ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിൽ തുടർന്ന് മോന്‍സ് ജോസഫ് യുഡിഎഫ് എംഎല്‍എയായി 4256 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Kerala
പുതുപ്പള്ളി: മുന്നണിയുടെ വിജയം ഉറപ്പിക്കുന്നതിനാണ് സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായതെന്ന് മോന്‍സ് ജോസഫ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടൊപ്പം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടിക്കുണ്ടായിരുന്ന പത്ത് സീറ്റുകളില്‍ രണ്ട് സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കും. ഒറ്റത്തവണ എന്ന നിലയിലാണ് ഈ ധാരണ.
നിയമസഭയിലും പാര്‍ലമെന്റിലും പാര്‍ട്ടിയുടെ പ്രാതിനിധ്യം തുടര്‍ന്നും സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും മോന്‍സ് പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മുറുകുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിൽ സീറ്റ് വിഭജനം തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യം വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് പറഞ്ഞ കേരള കോൺഗ്രസ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. തങ്ങളുടെ സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം, കുട്ടനാട് സീറ്റിൽ അവകാശമുന്നയിച്ച് കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കുട്ടനാട് കേരള കോൺഗ്രസിന് കുത്തകപാട്ടമല്ലെന്നും സീറ്റ് ഏറ്റെടുക്കണമെന്നും അനിൽ ബോസ് പറഞ്ഞു. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.
ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് തുടങ്ങിയ സീറ്റുകൾ ആണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഇതൊന്നും വിട്ടുനിൽക്കാൻ ആകില്ലെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.
"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
കോട്ടയം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ പോര്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കു വരേണ്ടെന്നും മുന്നണിയില്‍ ചേര്‍ക്കരുതെന്നും പി.ജെ. ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കിയപ്പോൾ യുഡിഎഫിലേക്കു വിളിച്ചാലും വരില്ലെന്നും വരാന്‍ ഒരു ശതമാനവും താത്പര്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മതിമറക്കാനുള്ള വിജയം യുഡിഎഫിനില്ലെന്നും എല്‍ഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി.
അതേസമയം, യുഡിഫില്‍ തനിച്ചു നിന്ന് ജയിക്കാമെന്നു തെളിയിച്ചുവെന്നും ജോസഫ് വിഭാഗത്തിനും കോട്ടയം ജില്ലയില്‍ അടിത്തറയുണ്ടെന്നു ജനവിധി തെളിയിച്ചതായും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫുണ്ടാക്കിയ നേട്ടം മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാകില്ലെന്നും മോന്‍സ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്കും താത്പര്യമുണ്ട്. മധ്യകേരളത്തില്‍ പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താന്‍ കേരള കോൺഗ്രസ് എമ്മിനെ കൂടെനിർത്തണമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അഭിപ്രായപ്പെട്ടത്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച് മുന്നണി ശക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താത്പര്യപ്പെടുന്നു.
District News
ചങ്ങനാശേരി: ചങ്ങനാശേരിയിൽ വികസന മുരടിപ്പാണെന്നും വികസനമല്ല പൊളിക്കൽ മാത്രമാണ് ചങ്ങനാശേരിയിൽ നടക്കുന്നതെന്നും മോൻസ് ജോസഫ് എംഎൽഎ.
കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവൻഷൻ ചെറുവേലിപ്പടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൻസ് ജോസഫ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, സി.ഡി. വത്സപ്പൻ, മാത്തുക്കുട്ടി പ്ലാത്താനം, ഡോ. ജോബിൻ എസ്. കൊട്ടാരം, അഡ്വ. ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശേരി, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ് കാവുകാട്ട്, കെ.എ. തോമസ്, റോയി ചാണ്ടി, ലൂക്കോസ് മാമ്മൻ, കുര്യൻ തൂമ്പുങ്കൽ, ഡോ. സെബിൻ എസ്. കൊട്ടാരം, സണ്ണി മക്കൊള്ളിൽ, ഷാജി പറത്താഴെ, ജോസഫ് ആന്റണി, ജോർജ് അപ്രേം ആലഞ്ചേരി, ബിന്ദു രമേശ്, സച്ചിൻ സാജൻ ഫ്രാൻസിസ്, എൽസി രാജു, അച്ചൻ കുഞ്ഞ് തെക്കേക്കര, ബിജോയ് എണ്ണക്കച്ചിറ, തങ്കച്ചൻ കല്ലുകളം എന്നിവർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മധുരവേലി ഐടിഐ നഗര്‍ അംബേദ്കര്‍ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ.
അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്ക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ ഗ്രാമങ്ങളെ തെരഞ്ഞെടുത്ത് വിവിധങ്ങളായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന വികസനപദ്ധതിയാണ് മധുരവേലി ഐടിഐ നഗര്‍ ഗ്രാമത്തിനുവേണ്ടി അനുവദിച്ചട്ടുള്ളത്.
ഈ പ്രദേശത്തെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്. കേളുവിനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്കും നല്കിയ നിവേദനത്തിന്റെയും പ്രോജക്ട് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.
പദ്ധതി നിര്‍വഹണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെയും എല്‍എസ്ജിഡി ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയറുടെയും കടുത്തുരുത്തി പഞ്ചായത്ത് ജനപ്രതിനിധികളുടെയും സ്ഥലവാസികളായ ഗുണഭോക്താക്കളുടെയും സാന്നിധ്യത്തില്‍ വികസനയോഗം വിളിച്ചുചേര്‍ത്ത് തുടര്‍ന്നുള്ള നിര്‍വഹണ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് എംഎല്‍എ അറിയിച്ചു.